ക്വട്ടേഷന്‍ സംഘം
ഇംഗ്ളീഷില്‍ 'എസ്' എന്ന് എഴുതിയതുപോലെ വളവുള്ള ഒരു കത്തിയുണ്ട്. കൂത്തുപറമ്പിലെ പി ബാലന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ശരീരത്തില്‍ തുളച്ചുകയറിയ നിലയിലാണ് എസ് കത്തിയെ ശതമന്യു പരിചയപ്പെട്ടത്. സാധാരണ കത്തി അത് കയറുന്ന ഭാഗം മാത്രമാണ് മുറിപ്പെടുത്തുന്നതെങ്കില്‍ എസ് കത്തി ഒരു വൃത്തത്തില്‍ സകലതും നശിപ്പിച്ചുകൊണ്ടാണ് കയറുക. ആര്‍എസ്എസ് കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധമാണത്. കുത്തേറ്റുവീണ കൂത്തുപറമ്പിലെ ബാലനെ രക്ഷിക്കാന്‍ നോക്കിയവര്‍ക്ക് ആ കത്തി വലിച്ചൂരാന്‍ കഴിഞ്ഞില്ല. ചോര വാര്‍ന്ന് ബാലന്‍ മരിച്ചു. പേരില്‍ രണ്ട് 'എസ്' ഉള്ളതുകൊണ്ട് മാത്രമല്ല, 'എസ്' കത്തി ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണ് ആര്‍എസ്എസുകാരെ 'എസുകാര്‍' എന്ന് വിളിക്കുന്നത്.
മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറക്കാരനായ പോളിന്റെ ശരീരത്തില്‍ കുത്തിക്കയറ്റിയത് 'എസ്' കത്തിയായിരുന്നു. അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തി. അക്കാര്യം ഐജി പത്രലേഖകരോട് പറഞ്ഞു. എസ് കത്തി ആര്‍എസ്എസിന്റെ കത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. അന്നത്തെ പൂരം മറക്കാനാവില്ല. ഒരു ചാനലുകാരന്‍ കൊല്ലനെത്തപ്പി പോയി. ചില പത്രക്കാര്‍, പോള്‍ വധത്തിന് മാര്‍ക്സിസ്റ്റ് ബന്ധം കണ്ടെത്താന്‍ മുങ്ങാംകുഴിയിട്ടു. രണ്ട് ഗുണ്ടകള്‍ പോളിന്റെ കൂടെയുണ്ടായിരുന്നു-അവര്‍ക്ക് ഉന്നത ബന്ധമുണ്ടായിരുന്നു-അതുകൊണ്ട് കൊലയില്‍ മന്ത്രിപുത്രനു ബന്ധം എന്നാണ് ചില വേന്ദ്രന്‍മാര്‍ കരഞ്ഞുപറഞ്ഞത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിന് 'പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി' എന്ന ചോദ്യവും കേട്ടു. മിണ്ടിയാലും കുറ്റം; മിണ്ടിയില്ലെങ്കിലും കുറ്റം.
ഇപ്പോഴിതാ മനോരമ പറയുന്നു: "കാരി സതീഷ് ഏറ്റുമുട്ടലിനിടയില്‍ 'എസ്' ആകൃതിയുള്ള കത്തി ഉപയോഗിച്ചു പോളിനെ കുത്തിവീഴ്ത്തിയതായാണ് സിബിഐയുടേയും കണ്ടെത്തല്‍. 'എസ് കത്തി ലോക്കല്‍ പോലീസ് കണ്ടെത്തിയത് കാരി സതീഷിന്റെ വീട്ടില്‍ നിന്നാണെങ്കില്‍ സിബിഐ കത്തി കണ്ടെത്തിയത് കേസിലെ 13-ാം പ്രതി മണ്ണഞ്ചേരി മുഴുപ്പുറത്തുചിറ ഇസ്മായി (55)ലിന്റെ വീടിനു സമീപത്തെ തൊഴുത്തില്‍നിന്നാണ്. കൊലനടത്താന്‍ ഉപയോഗിച്ച കത്തി ജയചന്ദ്രന്‍ മുഖേന ഇസ്മായിലിനെ ഏല്‍പ്പിച്ച സതീഷ്, മറ്റൊരു 'എസ്' കത്തിയാണ് വീട്ടിലെത്തിയ പോലീസിനു നല്‍കിയതെന്നാണ് നിഗമനം'' എങ്ങനെയുണ്ട്? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പ്രതി തന്നെയാണ് വ്യാജ കത്തി ഇറക്കിയതെന്ന്. എവിടെ കൊല്ലന്‍? എവിടെ ആലയിലെ അന്വേഷണാത്മകം?
പൊലീസ് അന്വേഷിച്ചു കണ്ടെത്തിയതുതന്നെ സിബിഐയും സ്ഥിരീകരിച്ചു. മുഖ്യപ്രതികള്‍; കൊലപാതകത്തിന്റെ കാരണം; രീതി- എല്ലാം ഒന്നുതന്നെ. പ്രതികളില്‍ ചിലരുടെ ആര്‍എസ്എസ് പശ്ചാത്തലവും തെളിഞ്ഞു. ഇനി രംഗത്തുവരേണ്ടത് മാധ്യമ വിശാരദന്‍മാരാണ്. അവര്‍ കേസിന് കൊഴുപ്പുകൂട്ടാന്‍ രണ്ട് ഗുണ്ടകളെ കൊണ്ടുവന്നിരുന്നു. ആ ഗുണ്ടകളെ പ്രതിയാക്കിയത് പൊലീസാണ്. രണ്ടുപേരും ഇപ്പോള്‍ സിബിഐയുടെ പട്ടികയില്‍ സാക്ഷികളായി മാറി. അതെങ്ങനെ എന്ന് സിബിഐയോട് ചോദിക്കേണ്ടതല്ലേ. ആ ഗുണ്ടകളിലൂടെയായിരുന്നുവല്ലോ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഗുണ്ടകള്‍ നല്ലവരായോ? പൊലീസിനെ പേടിപ്പിച്ച് പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിച്ചവര്‍ക്ക് സിബിഐക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്നുവോ