അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പരിവാരങ്ങളും ഇന്ത്യയില്‍ വന്നത് മാധ്യമങ്ങള്‍ മതിയാവോളം ആഘോഷിച്ചു. ഒബാമയുടെ ഭക്ഷണവും ഭാര്യ മൈക്കലെ ഒബാമ വസ്ത്രവും മറ്റുമായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ ഇഷ്ടവിഷയം. ഇന്ത്യയെ തകര്‍ക്കുന്ന രീതിയിലുള്ള പല കരാറുകളും ഒപ്പിട്ടതൊന്നും മാധ്യമങ്ങള്‍ക്ക് വലിയ വിഷയമായില്ല. ഒബാമ വന്നത് കച്ചവടത്തിനാണ്. ഇന്ത്യയെ പരമാവധി ചൂഷണംചെയ്ത് അമേരിക്കയുടെ ഇപ്പോഴത്തെ പ്രതിസന്ധി ലഘൂകരിക്കാന്‍.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക സഹകരണം കെഐഎ എന്നാണറിയപ്പെടുന്നത്. അമേരിക്കന്‍ കുത്തകകളായ മൊസാന്റോ (വിത്ത്), വാള്‍മാര്‍ട്ട് (ചില്ലറ വില്‍പ്പന) തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ കെഐഎയില്‍ ഉണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രതിനിധികളില്ല. ഒബാമയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവുമായി അമേരിക്കന്‍ സംഘം നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖലയിലെ സഹകരണമായിരുന്നു പ്രധാനവിഷയം. 2010 മാര്‍ച്ച് 31ന് കഴിഞ്ഞ കെഐഎയുടെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാനുള്ള കൃഷിമന്ത്രാലയത്തിന്റെ അഭ്യര്‍ഥന അമേരിക്ക അംഗീകരിച്ചു. കെഐഎയില്‍ പറഞ്ഞ കാര്യങ്ങളൊന്നും അമേരിക്ക നടപ്പാക്കുന്നില്ലെന്നും കെഐഎകൊണ്ട് ഒരു പ്രയോജനവും ഇന്ത്യക്കില്ലെന്നും പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തിയത് അവഗണിച്ചാണ് കാലാവധി നീട്ടിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലടക്കം അമേരിക്കന്‍ കുത്തകകളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുതന്നെയാണ് ഒബാമയും സംഘവും ഇന്ത്യയില്‍ വന്നത്.
മറ്റ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുമായും ദോഷകരമായി ബാധിക്കുന്ന നിരവധി കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍കോസി ഇന്ത്യയിലെത്തിയപ്പോള്‍ രണ്ട് ആണവ യൂണിറ്റ് കരാറടക്കം ആറ് കരാറും ഒരു ധാരണാപത്രവും ഒപ്പിട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭിപ്രായത്തില്‍ ആണവ യൂണിറ്റ് സ്ഥാപിക്കുന്നതോടെ ആണവോര്‍ജ ഉല്‍പ്പാദനം 4,000 മെഗാവാട്ടില്‍നിന്ന് 10,000 മെഗാവാട്ട് ആയി ഉയരും. സ്വതന്ത്രവ്യാപാര കരാറുകള്‍ ഇന്ത്യക്ക് ഇതുവരെ ഏല്‍പ്പിച്ച കനത്ത ആഘാതങ്ങള്‍ വകവയ്ക്കാതെയാണ് യുപിഎ സര്‍ക്കാര്‍ ഈ കരാറുകളുമായി മുന്നോട്ട് പോകുന്നത്.
നാളിതുവരെ രൂപംകൊണ്ട എല്ലാ സ്വതന്ത്രവ്യാപാരകരാറുകളും സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമായിരുന്നു. സ്വന്തം ജനതയെ ഒറ്റിക്കൊടുത്ത് ഐഎംഎഫിനും മറ്റ് സാമ്രാജ്യത്വശക്തികള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ് യുപിഎ സര്‍ക്കാര്‍. ജപ്പാന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിങ്ങനെ ഇന്ത്യ വ്യാപാര കരാറുകളുണ്ടാക്കിയ രാജ്യങ്ങളുടെ പട്ടിക നീളുകയാണ്.
സ്വതന്ത്രവ്യാപാര കരാറുകളിലൂടെ രാജ്യങ്ങളെ കൊള്ളയടിക്കാനാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ‘ഭാരം മറ്റു രാജ്യങ്ങളുടെ തലയില്‍ കയറ്റിവയ്ക്കാനും കൂടിയാണ് ധൃതിപിടിച്ചുള്ള സന്ദര്‍ശനങ്ങളും കരാറുകളും. സ്വതന്ത്രവ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍പോലും പ്രസിദ്ധപ്പെടുത്താറില്ല. കരാറുകളിലെ ചില വ്യവസ്ഥകള്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലാണ്. ഡബ്ള്യുടിഒ ചര്‍ച്ചകള്‍പോലും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, സ്വതന്ത്രവ്യാപാര കരാറുകള്‍ പാര്‍ലമെന്റിന്റെയോ സംസ്ഥാനസര്‍ക്കാരുകളുടേയോ അറിവോ ഇടപെടലോ ഇല്ലാതെയാണ് പ്രാബല്യത്തില്‍ വരുന്നത്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കൃഷിക്ക് ചെറിയ സ്ഥാനംമാത്രമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിയില്‍ ഇന്ത്യക്ക് 41-ം സ്ഥാനമായിരുന്നു. എന്നാല്‍ ഇത് മാറ്റി ഇന്ത്യന്‍ കമ്പോളം കീഴടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്. കര്‍ഷകരെയാണ് ഈ കരാറുകള്‍ ഏറെ ബാധിക്കുക. സബ്സിഡി ലഭിക്കാത്ത കര്‍ഷകന് വിദേശ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയില്ല. വില കുറച്ചു വില്‍ക്കുന്ന വിദേശ ഉല്‍പ്പന്നങ്ങളെ അതിജീവിച്ച് കമ്പോളത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. ഇന്ത്യന്‍ ക്ഷീരമേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ നോട്ടമിട്ടിട്ട് വര്‍ഷങ്ങളായി. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം കൂടുതലായതുകൊണ്ട് വിദേശത്തുനിന്നുള്ളവ ഇന്ത്യന്‍ കമ്പോളത്തില്‍ ചെലവാകുന്നില്ല. ഇന്ത്യയില്‍ ഏകദേശം ഒമ്പതു കോടി ക്ഷീരകര്‍ഷകരുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ മേഖലയും വിദേശകുത്തകകള്‍ കീഴടക്കിയാല്‍ ആത്മഹത്യ മാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള വഴി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ